ഇനി ഒരു അമ്മയുടെയും കണ്ണീര് കേരളത്തിൽ വീഴില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിദ്ധാർത്ഥൻ ആപ്പ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ടെന്ന ഉറപ്പാണ് സിദ്ധാർഥൻ ആപ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. തിരുവനന്തപുരം ഗവ: വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ സിദ്ധാർത്ഥൻ ആപ്പിന്റെ മാതൃക ഡിജിറ്റൽ സർവകലാശാല വിദ്യാർഥിനി പൗശാലിക്ക് നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പൗശാലിയുടെ ഫോണിൽ നിന്ന് ആപ്പിലേക്ക് അയച്ച മെസേജ് അധികാരികൾക്ക് തത്സമയം ലഭിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു. സിദ്ധാർത്ഥന്റെ അമ്മയും ചടങ്ങിൽ പങ്കെടുത്തു.
ഇനി ഒരാൾക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന സിദ്ധാർത്ഥന്റെ അമ്മയുടെ വാക്കുകളിൽ നിന്നാണ് സിദ്ധാർത്ഥൻ ആപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് എന്തെങ്കിലും പരാതികളോ മാനസിക പ്രയാസങ്ങളോ ഉണ്ടെങ്കിൽ ആപ്പിൽ സന്ദേശമയയ്ക്കാം. അയയ്ക്കുന്ന ആളുടെ പേര് വെളിപ്പെടുത്തില്ല. റാഗിങ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ ആപ്പ്. റാഗിങ്ങിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി ഒരു സിദ്ധാർഥൻ ഉണ്ടാകാൻ പാടില്ലെന്ന ഉത്തമ ബോധ്യം സർക്കാരിനുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഒരു ആശങ്കയുമില്ലാതെ കേരളത്തിലെ ഏതൊരു ക്യാമ്പസിലേക്കും മക്കളെ അയയ്ക്കാൻ മാതാപിതാക്കൾക്ക് സർക്കാർ ധൈര്യം പകരും. റാഗിങ് മാത്രമല്ല, അക്രമങ്ങളും അരാജകത്വവും പോർവിളികളും ക്യാമ്പസുകളിൽ വേണ്ടെന്നും മന്ത്രി പറഞ്ഞു.
റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും. ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് രൂപകൽപന ചെയ്തത്. ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർത്ഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്.
സിദ്ധാർഥിനെ മറന്നോ?എന്നാൽ ഓർമിപ്പിക്കാം. എസ്എഫ്ഐ എന്ന പ്രാകൃത വിദ്യാർഥി സംഘടനയിലെ മനോരോഗികളായ ചിലരും അവരെ മറയാക്കി സുഖിച്ച ഇടത് പക്ഷ അധ്യാപകരും ഇവരെയെല്ലാം സംരക്ഷിച്ച സി പി എം എന്ന ഭീകര പാർട്ടിയും അതിൻ്റെ കാരണ ദുർഭൂതവും ചേർന്ന് കൊല്ലപ്പെടുത്തുകയും ഇല്ലായ്മ ചെയ്യുകയും ചെയ്ത വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥനെ? ആ സിദ്ധാർഥിൻ്റെ പേരിലാണ് കാംപസ് സുരക്ഷയ്ക്കുള്ള ആപ്പ് വി.ഡി.സതീശൻ സർക്കാർ തയാറാക്കിയത്. സിദ്ധാർഥിൻ്റെ മരണം ദുരൂഹമാക്കി ചിത്രീകരിച്ച് തേച്ചു മായ്ച്ച് കളയാനും പ്രതികളെയും പ്രതികളെ സഹായിച്ചവരെയും സംരക്ഷിക്കാനുമാണ് അന്ന് കേരളം ഭരിച്ച കാരണ ദുർഭൂതനും അയാളുടെ പാർട്ടിയും ശ്രമിച്ചത്. കേസ് ഇപ്പോഴും എവിടെയുമെത്തിയില്ല. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജയപ്രകാശിന്റെയും ഷീബയുടെയും മൂത്ത മകനും രണ്ടാം വർഷ ബി.വി.എസ് സി വിദ്യാർഥിയുമായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആൾക്കുട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് പ്രതികൾ. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തുടക്കത്തിൽ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയിൽ സർവകലാശാല നിയമിച്ചിരുന്ന വക്കീൽ കൃത്യവിലോപം കാണിച്ചതിനാലും സമയബന്ധിതമായി രേഖകൾ ഹാജരാക്കാത്തതിനാലും ഹൈകോടതി സിംഗിൾ ബെഞ്ച് 19 പ്രതികൾക്കും മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു.
ഇതിനെതിരെ സിദ്ധാർഥൻ്റെ അമ്മ ഷീബ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തിയ ശേഷം പുറപ്പെടുവിച്ച ഉത്തരവിൽ 19 വിദ്യാർഥികളെയും സർവകലാശാലക്ക് പിന്നീട് പുറത്താക്കേണ്ടിവന്നത്. നിലവിൽ കേസന്വേഷിക്കുന്ന സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ കോളജ് ഡീൻ ഡോ. എം.കെ. നാരായണനെയും അസിസ്റ്റൻ്റ് വാർഡൻ ഡോ. ആർ. കാന്തനാഥനെയും സർവിസിൽ തിരിച്ചെടുക്കുന്നതിന് ബോർഡ് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
എന്നാൽ, കുടുംബത്തിൻ്റെ പരാതിയിൽ ഗവർണർ തീരുമാനം റദ്ദാക്കുകയായിരുന്നു. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് അന്വേഷണ കമീഷൻ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാൽ, ഇരുവർക്കും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉൾപ്പെടെയുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ് നിർദേശിക്കപ്പെട്ടത്. നിലവിൽ ഇവർക്ക് സർവിസിൽ പുനർനിയമനം നൽകിയിട്ടുണ്ട്. മകനെ അതിക്രൂരമായി മർദിക്കുകയും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കൊടുക്കാതെ റാഗിങ്ങിന് വിധേയനാക്കി മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നുവെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ എല്ലാ ഒത്താശകളും അധികൃതർ ചെയ്തെന്നും മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണ്. ആ സിദ്ധാർഥിൻ്റെ പേരിലാണ് ക്യാംപസ് ശുദ്ധീകരണത്തിനുള്ള ആപ് സർക്കാർ ഒരുക്കിയിട്ടുള്ളത്.
You are not alone anymore, Siddharth is with you. And the government is with you.























